04 OCT NEW DELHI

ദേശീയ മഞ്ഞള്‍ ബോര്‍ഡ് രൂപീകരിച്ചു കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് ഇന്ന് വിജ്ഞാപനം ഇറക്കി. രാജ്യത്ത് മഞ്ഞളിന്റെയും മഞ്ഞള്‍ ഉത്പന്നങ്ങളുടെയും വികസനത്തിനും വളര്‍ച്ചയ്ക്കും ദേശീയ മഞ്ഞള്‍ ബോര്‍ഡ് ഊന്നല്‍ നല്‍കും.

ദേശീയ മഞ്ഞള്‍ ബോര്‍ഡ് മഞ്ഞളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും, ശ്രമണങ്ങൾക്ക് ആക്കം കൂട്ടുകയും, ഈ മേഖലയുടെ വളര്‍ച്ചയ്ക്കും വികസനത്തിനും സ്‌പൈസസ് ബോര്‍ഡ് പോലുള്ള ഗവണ്‍മെന്റ് ഏജന്‍സികളുമായി കൂടുതല്‍ സഹകരണം ഉറപ്പാക്കുകയും ചെയ്യും.

മഞ്ഞളിന്റെ ആരോഗ്യപരവും ഗുണപരവുമായ കാര്യങ്ങളെ കുറിച്ച് ലോകമെമ്പാടും ഉണ്ടായിട്ടുള്ള വര്‍ദ്ധിച്ച താത്പര്യം തുടര്‍ന്നുള്ള സാദ്ധ്യതകൾ മുതലെടുക്കുന്നതിനും, അവബോധവും ഉപഭോഗവും വര്‍ദ്ധിപ്പിക്കുന്നതിനും, അന്തര്‍ദേശീയതലത്തില്‍ കയറ്റുമതി ചെയ്യുന്നതിനു പുതിയ വിപണി കണ്ടെത്തുന്നതിനും, പുതിയ ഉത്പന്നങ്ങളുടെ ഗവേഷണ-വികസനത്തിനും, പാരമ്പര്യമായ അറിവ് ഉപയോഗപ്പെടുത്തി മഞ്ഞളിന്റെ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും ബോര്‍ഡ് നേതൃത്വം നൽകും. മഞ്ഞള്‍ കര്‍ഷകര്‍ക്ക് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളിലൂടെ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ശേഷി വർധിപ്പിക്കൽ-നൈപുണ്യ വികസനം എന്നിവയ്ക്ക് ബോര്‍ഡ് ഊന്നൽ നൽകും. ഗുണ നിലവാരവും, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും, അത്തരം മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ബോര്‍ഡ് പ്രോത്സാഹിപ്പിക്കും. മഞ്ഞളിന്റെ മുഴുവന്‍ സാദ്ധ്യതകളും സംരക്ഷിക്കാനും പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗിക്കാനും ബോര്‍ഡ് നടപടിയെടുക്കും.

ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധയോടും സമര്‍പ്പണത്തോടും ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഞ്ഞള്‍ കര്‍ഷകരുടെ ക്ഷേമവും അഭിവൃദ്ധിയും സാദ്ധ്യമാക്കുകയും കൃഷിയിടങ്ങളുമായി ബന്ധപ്പെട്ട് മൂല്യ വര്‍ദ്ധന നടപ്പാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്കു മെച്ചപ്പെട്ട ആദായം ലഭിക്കുകയും ചെയ്യും. ഗവേഷണം, വിപണി വികസനം, ഉപഭോഗം വര്‍ദ്ധിപ്പിക്കൽ, മൂല്യ വര്‍ദ്ധന തുടങ്ങിയ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന നിലവാരത്തിലുള്ള മഞ്ഞളിന്റെയും മഞ്ഞള്‍ ഉത്പന്നങ്ങളുടെയും കയറ്റുമതിക്കാരെന്ന നിലയില്‍ ആഗോള വിപണിയില്‍ കര്‍ഷകര്‍ക്കും സംസ്‌കരണം നടത്തുന്നവര്‍ക്കും മുന്‍ നിര സ്ഥാനം തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയും.

കേന്ദ്ര ഗവണ്‍മെന്റ് നിയമിക്കുന്ന ആള്‍ ആയിരിക്കും ചെയര്‍മാന്‍. ആയുഷ് മന്ത്രാലയം, കേന്ദ്ര ഗവണ്‍മമെന്റിന്റെ ഫാര്‍മസ്യൂട്ടിക്കല്‍സ്, കൃഷി-കര്‍ഷക ക്ഷേമ, വാണിജ്യ-വ്യവസായ വകുപ്പുകള്‍, മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുള്ള സംസ്ഥാന ഗവണ്‍മെന്റ് പ്രതിനിധികള്‍ (റൊട്ടേഷന്‍ അടിസ്ഥാനത്തില്‍) , ഗവേഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദേശീയ/ സംസ്ഥാന സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, മഞ്ഞള്‍ കര്‍ഷകരുടെയും കയറ്റുമതിക്കാരുടെയും പ്രതിനിധികള്‍ എന്നിവരടങ്ങിയതായിരുക്കും അംഗങ്ങള്‍. വാണിജ്യ വകുപ്പ് നിയമിക്കുന്ന ആളായിരിക്കും സെക്രട്ടറി.

ഇന്ത്യയാണ് മഞ്ഞളിന്റെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകരും ഉപഭോക്താക്കളും കയറ്റുമതിക്കാരും.